പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗം റിലീസ് തീയതി പ്രഖ്യാപിച്ചു

0
127

ഇനി അധികം കാത്തിരിക്കേണ്ടതില്ല.
വന്‍ താരനിരയെ അണിനിരത്തി മണിരത്‌നം സംവിധാനം ചെയ്ത, ബിഗ് ബജറ്റ് സൂപ്പര്‍ഹിറ്റ് ചിത്രം പൊന്നിയിന്‍ സെല്‍വന്റെ രണ്ടാം ഭാഗം അടുത്ത വര്‍ഷം ഏപ്രില്‍ 28ന് തിയറ്ററുകളില്‍.
തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളില്‍, സെപ്റ്റംബര്‍ 30നായിരുന്നു ചിത്രത്തിന്റെ ആദ്യഭാഗം റിലീസിനെത്തിയത്.

ഏറ്റവും വേഗം തമിഴ്നാട്ടില്‍ 100 കോടി കളക്ഷന്‍ നേടിയ ചിത്രമെന്ന റെക്കോര്‍ഡ് പൊന്നിയിന്‍ സെല്‍വന്‍ ഒന്നാം ഭാഗം സ്വന്തമാക്കിയിരുന്നു.
ഐശ്വര്യ റായി, വിക്രം, കാര്‍ത്തി, ജയറാം, ജയം രവി, തൃഷ, ശരത് കുമാര്‍, ഐശ്വര്യ ലക്ഷ്മി, ലാല്‍, പ്രകാശ് രാജ്, റഹ്മാന്‍, പ്രഭു, വിക്രം പ്രഭു തുടങ്ങി വന്‍ താരനിരയായിരുന്നു ഒന്നാം ഭാഗത്തില്‍.


കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ഇതേ പേരുള്ള തമിഴ് നോവലിനെ ആധാരമാക്കിയാണ് സിനിമ. സംഗീതം – എ.ആര്‍. റഹ്മാന്‍, ഛായാഗ്രഹണം – രവി വര്‍മന്‍. ഇളങ്കോ കുമാരവേലാണ് തിരക്കഥ. നിര്‍മാണം മണിരത്‌നവും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്.