ചില്‍ഡ്രന്‍സ് ഫെസ്റ്റില്‍ മുഴുവന്‍ എന്‍ജിഒ ഹോമുകളേയും പങ്കെടുപ്പിക്കും: മന്ത്രി വീണാ ജോര്‍ജ്

0
152
തിരുവനന്തപുരം: സര്‍ക്കാര്‍ ഹോമുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന സ്റ്റേറ്റ് ചില്‍ഡ്രന്‍സ് ഫെസ്റ്റില്‍ അടുത്ത വര്‍ഷം മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ എന്‍ജിഒ ഹോമുകളിലേയും കുട്ടികളെ പങ്കെടുപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വനിത ശിശുവികസന വകുപ്പിന്റെ ഒരു വര്‍ഷത്തെ പ്രധാന പദ്ധതികളില്‍ ഒന്നാണ് ചില്‍ഡ്രന്‍സ് ഫെസ്റ്റ്. കുട്ടികള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതാണ് ഇത്തരം കലോത്സവങ്ങള്‍. അവരുടെ ആവിഷ്‌ക്കാരത്തിനും വ്യക്തിത്വ വികസനത്തിനും ഇത് സഹായിക്കും. സംസ്ഥാനത്തെ 16 ഗവ. ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികളേയും തിരുവനന്തപുരം ജില്ലയിലെ എന്‍.ജി.ഒ. ഹോമുകളിലെ കുട്ടികളേയും പങ്കെടുപ്പിച്ചു കൊണ്ടാണ് ഇത്തവണത്തെ ഫെസ്റ്റ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. വര്‍ണച്ചിറകുകള്‍ സ്റ്റേറ്റ് ചില്‍ഡ്രന്‍സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമുകളില്‍ കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉന്നമനത്തിനായി വനിത ശിശുവികസന വകുപ്പ് വലിയ ഇടപെടലുകളാണ് നടത്തുന്നത്. കുട്ടികളുടെ മികച്ച വിദ്യാഭ്യാസത്തിന് എഡ്യൂക്കേറ്റര്‍, കലാ കായിക പ്രവര്‍ത്തനങ്ങള്‍, യോഗ എന്നിവയ്ക്കായി പരിശീലകര്‍ എന്നിവരുണ്ട്. ഇതുകൂടാതെ സ്ഥലസൗകര്യങ്ങളുള്ള എല്ലാ സര്‍ക്കാര്‍ ഹോമുകളിലും കളിക്കളങ്ങള്‍ നിര്‍മ്മിക്കുന്നതാണ്. ഹോമുകളെ ശിശു സൗഹൃദമാക്കി മിഷന്‍ അടിസ്ഥാനത്തില്‍ ഇത് നടപ്പിലാക്കും. ഓരോ കുഞ്ഞുങ്ങളേയും നെഞ്ചില്‍ ചേര്‍ത്തുവയ്ക്കുന്ന സ്‌നേഹവും കരുതലും എല്ലാവര്‍ക്കുമുണ്ടായിരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

എഴുത്തും വായനയും പോലെ പ്രധാനമാണ് ഇത്തരത്തിലുള്ള കലോത്സവങ്ങളെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. സംസ്ഥാനതല കലോത്സവങ്ങളില്‍ കടന്നുചെല്ലാന്‍ കഴിയാത്ത ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്കുള്ള മികച്ച വേദിയാണിത്. എല്ലാവരും ജയപരാജയങ്ങളെ നേരിടാനുള്ള കരുത്ത് നേടണമെന്നും മന്ത്രി പറഞ്ഞു.
ചില്‍ഡ്രന്‍സ് ഫെസ്റ്റ് ലോഗോ രൂപകല്പന ചെയ്ത കോട്ടയം ചില്‍ഡ്രസ് ഹോമിലെ അതുല്‍ കൃഷ്ണയ്ക്കും സ്‌പോര്‍ട്‌സ് മീറ്റിലെ വിജയികള്‍ക്കും മന്ത്രിമാര്‍ സമ്മാനം വിതരണം ചെയ്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍, ചലച്ചിത്രതാരം വിനു മോഹന്‍, വനിത ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ ജി. പ്രിയങ്ക, ബാലാവകാശ സംരക്ഷണ കമ്മീഷന്‍ കെ.വി. മനോജ് കുമാര്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. ഷാനിബ ബീഗം, കൗണ്‍സിലര്‍ രാഖി രവികുമാര്‍, വിമന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ചാന്ദിനി സാം, ഐഡിബിഐ ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ അനുരാധ രാജന്‍ കാന്ത്, ഗ്രാമീണ്‍ ബാങ്ക് ജനറല്‍ മാനേജര്‍ സുരേഷ് ബാബു, കാനറ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എസ്. ശരവണന്‍, പഞ്ചാബ് നാഷണല്‍ ബാങ്ക് സര്‍ക്കിള്‍ ഹെഡ് നിത്യ കല്യാണി എന്നിവര്‍ പങ്കെടുത്തു.