ബെംഗളൂരു : എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രയ്ക്കിടെ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച മുംബൈ സ്വദേശി ശങ്കര്‍ മിശ്ര (34) അറസ്റ്റിൽ.
വെള്ളിയാഴ്ച രാത്രി ബെംഗളൂരുവിൽനിന്ന് അറസ്റ്റ് ചെയ്ത ഇയാളെ പോലീസ് ഡല്‍ഹിയില്‍ എത്തിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി, ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ ആവശ്യപ്പെടും.
കേസെടുത്തതു മുതൽ പ്രതി ഒളിവിലായിരുന്നു. രാജ്യം വിടുന്നത് തടയാൻ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്തു. പിന്നാലെ, ഫോൺ സ്വിച്ച് ഓഫ് ചെയ്ത ഇയാൾ സുഹൃത്തുക്കളുമായി ആശയവിനിമയം നടത്താൻ സമൂഹമാധ്യമ അക്കൗണ്ടുകൾ ഉപയോഗിച്ചതും ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചതുമാണ് പ്രതിയെ പിടികൂടാൻ പോലീസിനെ സഹായിച്ചത്.
കഴിഞ്ഞ നവംബറില്‍ എയർ ഇന്ത്യ വിമാനത്തിൽ ന്യൂയോർക്ക്–ഡൽഹി യാത്രയ്ക്കിടെയാണ് ബിസിനസ് ക്ലാസ് യാത്രികനായ ശങ്കർ മിശ്ര, 70 വയസ്സുള്ള സ്ത്രീയുടെ ദേഹത്ത് മൂത്രമൊഴിച്ചത്.ഇയാൾ മദ്യ ലഹരിയില്‍ ആയിരുന്നു. സംഭവത്തെ തുടർന്ന്, യുഎസ് ആസ്ഥാനമായുള്ള വെൽസ് ഫാർഗോ എന്ന ബഹുരാഷ്ട്ര ധനകാര്യ കമ്പനിയുടെ ഇന്ത്യ ചാപ്റ്റർ വൈസ് പ്രസിഡന്റായിരുന്ന ഇയാളെ, കമ്പനിയിൽനിന്ന് പുറത്താക്കി.