ബംഗളൂരുവിൽ നിന്ന് മൈസൂരുവിലെത്താൻ വെറും ഒരു മണിക്കൂർ; അതിവേഗപാത ഉടന്‍

0
178

ഗ്രീന്‍ഫീല്‍ഡ് ഇടനാഴിയുടെ ഭാഗമായി നിർമിച്ച ബെംഗളൂരു-മൈസൂരു അതിവേഗപാത ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്യും.​10 വരി പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്ന് ഗതാ​ഗത മന്ത്രി നിതിൻ ​ഗഡ്കരി പറഞ്ഞു.
117 കിലോമീറ്റർ ദൂരം വരുന്ന ദേശീയപാതയുടെ (എൻഎച്ച് 275) നിർമാണം പൂർത്തിയാകുന്നതോടെ ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലെത്താൻ 1 മണിക്കൂർ 10 മിനിറ്റ് മതിയാകുമെന്ന് പണികൾ വിലയിരുത്താനെത്തിയ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.
9000 കോടി രൂപ ചെലവഴിച്ചാണ് പാത നിര്‍മിച്ചിരിക്കുന്നത്. ബെംഗളൂരുവില്‍ നിന്ന് നിഡഗട്ടവരെയും അവിടംമുതല്‍ മൈസൂരു വരെയും രണ്ട് ഘട്ടങ്ങളായിട്ടാണ് പാത നിര്‍മിച്ചിരിക്കുന്നത്.

പാതയുടെ ഇരുവശങ്ങളിലായി രണ്ടുവരികള്‍ വീതം സമീപമുള്ള ഗ്രാമങ്ങളിലേക്ക് നയിക്കുന്ന പാതകളും ഉണ്ടായിരിക്കും. നിലവില്‍ മൂന്നു മുതല്‍ നാല് മണിക്കൂർ വരെയാണ് മൈസൂരു-ബെംഗളൂരു യാത്രയ്ക്ക് വേണ്ടിവരുന്നത്. ഇത് മൂന്നിലൊന്നായി കുറയ്ക്കാനും ഇന്ധന ഉപയോഗം ലാഭിക്കാനും പദ്ധതി സഹായകരമാകും.

ദേശീയപാതയുടെയും മറ്റു പദ്ധതികളുടെയും പുരോഗതി വ്യാഴാഴ്ച മന്ത്രി പരിശോധിച്ചു.പുത്തന്‍ സാധ്യതകള്‍ക്കും വ്യവസായ നിക്ഷേപങ്ങള്‍ക്കും പദ്ധതി പൂര്‍ത്തീകരണത്തോടെ വഴിതുറക്കുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി. ഇതിന്റെ ചിത്രങ്ങളും വിഡിയോയും അദ്ദേഹം സാമൂഹ്യമാധ്യമങ്ങളിലൂടെ ജനങ്ങളുമായി പങ്കുവെച്ചു. ബെംഗളൂരുവിലെ ഗതാഗത തടസ്സങ്ങള്‍ക്ക് ഇത് പരിഹാരമാകും- ഗഡ്കരി ട്വിറ്ററില്‍ കുറിച്ചു.