സർവം മെസി മയം! കുഞ്ഞുങ്ങള്‍ക്ക് മെസിയുടെ പേരിടാനുള്ള മത്സരം

0
140
തങ്ങള്‍ക്ക് ലോകകപ്പ് സമ്മാനിച്ച സൂപ്പർതാരം ലയണൽ മെസിയുടെ പേര് മക്കൾക്കിടാനുള്ള മത്സരത്തിലാണ് അർജൻറീനയിലെ മാതാപിതാക്കള്‍. ഡിസംബറിൽ ജനിച്ച കു​ഞ്ഞുങ്ങളിൽ എഴുപതിൽ ഒന്ന് എന്ന കണക്കിലായിരുന്നു മെസിയുടേതുമായി സാദൃശ്യമുള്ള പേരുകളെന്ന് റൊസാരിയോയിലെ പ്രാദേശിക പത്രമായ ഡയാരിയോ ലാ ക്യാപിറ്റൽ റിപ്പോർട്ട് ചെയ്യുന്നു.

70ൽ ഒരാളുടെ പേര് ലയണൽ എന്നോ ലയണെല എന്നോ ആണ് രജിസ്റ്റർ ചെയ്യുന്നതെന്ന് രജിസ്ട്രേഷൻ വകുപ്പ് പറയുന്നു. ആൺകുട്ടിയാണെങ്കിൽ ലയണൽ. പെൺകുഞ്ഞാണെങ്കിൽ ലയണേല. ലോകകപ്പ് നേട്ടത്തിനുശേഷം സാൻറാഫെയിൽ മക്കൾക്ക് മെസിയുടെ പേരിടുന്ന രക്ഷിതാക്കളുടെ എണ്ണത്തിൽ വൻ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സാൻറാഫെയിൽ കഴിഞ്ഞ ആഴ്ച ജനിച്ച കുട്ടികളിൽ ചിലർക്ക് ലോകകപ്പ് നേടിയ അർജൻറീന ടീമിലെ മറ്റ് അംഗങ്ങളുടെ പേര് നൽകുന്ന രക്ഷിതാക്കളും കൂട്ടത്തിൽ ഉണ്ട്. ജൂലിയൻ, എമിലിയാനോ എന്നിങ്ങനെയാണ് ചില കുട്ടികളുടെ പേരായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ ഏറ്റവും കൂടുതൽ പേര് രജിസ്റ്റർ ചെയ്യുന്ന പേര് ലയണൽ, ലയണെല എന്നിവയാണെന്ന് സാൻറാഫെയിലെ രജിസ്ട്രേഷൻ വകുപ്പ് ഡയറക്ടറായ മരിയാനോ ഗാൽവെസ് പറഞ്ഞു.

ലോകകപ്പ് നേട്ടത്തിന് മുമ്പ് സാൻറാ ഫെയിൽ സെപ്റ്റംബറിൽ ആകെ ജനിച്ച കുട്ടികളിൽ ആറ് പേർക്കാണ് മെസിയുടെ പേരിട്ടിരുന്നതെങ്കിൽ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഇത് 49 ആയി ഉയർന്നുവെന്നാണ് കണക്കുകൾ പറയുന്നത്.