പുതുവര്‍ഷത്തിൽ നോവായി ഉല്ലാസയാത്ര

0
64

ഇടുക്കി : പുതുവര്‍ഷത്തില്‍ കണ്ണുനീരായി ഇടുക്കിയിലെ വാഹനാപകടം. പുതുവൽസര ആഘോഷങ്ങള്‍ക്കായി മലപ്പുറത്തു നിന്നെത്തിയ
വിദ്യാര്‍ത്ഥി സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഒരു വിദ്യാര്‍ത്ഥിയുടെ ജീവന്‍ നഷ്ടമായി.
ഇടുക്കി കല്ലാര്‍കൂട്ടി മൈലാടും പാറ റൂട്ടില്‍ തിങ്കള്‍കാട്ടില്‍ നിയന്ത്രണം വിട്ട വാഹനം കൊക്കയിലേയ്ക്ക് മറിയുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെ ഒന്നേ കാലോടെയാണ് അപകടം നടന്നത്. തിരൂര്‍ റീജിയണൽ കോളേജില്‍ നിന്നുള്ള വിദ്യാര്‍ത്ഥി സംഘം തിരികെ മടങ്ങുന്നതിനിടെയാണ് അപകടം. നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റു.
ഡ്രൈവറുടെ പരിചയക്കുറവും അശ്രദ്ധയുമാണ് അപകടകാരണമായതെന്ന് മോട്ടോര്‍ വാഹന വകുപ്പ് പറഞ്ഞു. രാത്രി യാത്രയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം അവഗണിച്ചു. പ്രാഥമിക പരിശോധനയില്‍ വാഹനത്തിന് മറ്റ് തകരാറുകള്‍ ഇല്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ ആര്‍ ടി ഒ പറഞ്ഞു.
വലിയ ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. തുടര്‍ന്ന് ഫയര്‍ ഫോഴ്സും വിവിധ സ്റ്റേഷനുകളില്‍ നിന്നുള്ള പോലീസും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം നടത്തി.
രണ്ട് മണിക്കൂറോളം നീണ്ട രക്ഷാ പ്രവര്‍ത്തനത്തിനൊടുവിൽ അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തി അടിമാലി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. അപകടങ്ങള്‍ പ്രദേശത്ത് നിത്യ സംഭവമാണെന്നും അശാസ്ത്രീയമായ റോഡ് നിര്‍മ്മാണമാണ് അപകടങ്ങള്‍ക്ക് കാരണമെന്നും നിരവതി തവണ പരാതി നല്‍കിയിട്ടും വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്നും രക്ഷാ പ്രവര്‍ത്തനത്തിനെത്തിയ നാട്ടുകാര്‍ ആരോപിച്ചു.
അതേസമയം വിദ്യാർത്ഥികൾ നടത്തിയ യാത്രയ്ക്ക് കോളേജുമായി ബന്ധമില്ലെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു.